ADVERTISEMENT

പാലാ ∙ പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. മികച്ച പശ്‌ചാത്തല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഐസക് തോമസ് കൊട്ടുകാപ്പള്ളി അരങ്ങിനോടും അഭിനയത്തോടും അടങ്ങാത്ത പ്രണയം കാത്തുസൂക്ഷിച്ചിരുന്നു. മലയാളത്തിനു പുറമെ കന്നഡ, ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാർഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി സിനിമയിൽ അരങ്ങേറുന്നത്. 

സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബുവിലെ പശ്ചാത്തല സംഗീതത്തിലൂടെ  2010 ൽ ദേശീയ അവാർഡിനർഹനായി. കുട്ടിസ്രാങ്ക്, മാർഗം, സഞ്ചാരം, പുണ്യം അഹം തുടങ്ങി നിരവധി ചിത്രങ്ങളുടെ പശ്ചാത്തല സംഗീതം ചെയ്തു. നാലുതവണ സംസ്ഥാന അവാർഡും നേടി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ചശേഷം അരവിന്ദന്റെ സംവിധാന സഹായിയായാണ് സിനിമയിലെത്തുന്നത്. മുൻ എംപി ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. ചിത്രയാണു ഭാര്യ.

ശബ്‌ദവും നിശബ്‌ദതയും ചേരുന്നതാണ് ഐസക് തോമസ് കൊട്ടുകാപ്പള്ളിക്കു സംഗീതം. കുട്ടിക്കാലം മുതൽ കേട്ട ശബ്‌ദങ്ങളിൽ പലതും അദ്ദേഹം ഒരു നോട്ടുപുസ്‌തകത്തിൽ കുറിച്ചിട്ടിട്ടുണ്ട്. മനസിലെ നിശബ്‌ദതയുമായി അവ ചേർത്ത് സിനിമയിൽ അദ്ദേഹം തീർത്തത് വിസ്‌മയതാളങ്ങളാണ്.

ഐസക് ചിട്ടപ്പെടുത്തുന്ന താളങ്ങൾ പലതും ചിലപ്പോൾ സഹപ്രവർത്തകർ ഉദ്ദേശിക്കുന്നതിൽനിന്നു ബഹുദൂരം അകലെയാവും. താനുണ്ടാക്കിയ താളത്തിൽ നിന്ന് ഐസക് അണുവിട പിന്മാറുകയുമില്ല. ഐസക്കിനെ അറിയുന്നവർക്ക് എതിരഭിപ്രായമുണ്ടാവില്ല. അതിനു പിന്നിലെ കാര്യം മലയാളത്തിലെ ഏറ്റവും പ്രഗൽഭരായ സംവിധായകർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്; ഐസക്കിനു സിനിമ അറിയാം, സംവിധാനവും അഭിനയവും അദ്ദേഹത്തിന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.

അരങ്ങ് അറിഞ്ഞ കാലം!

ഐസക് അഭിനയത്തെയും അരങ്ങിനെയും ആദ്യമറിഞ്ഞത് പ്രൈമറി ക്ലാസിൽ പഠിക്കുമ്പോഴാണ്. പാലാ സെന്റ് തോമസ് സ്‌കൂളിലായിരുന്നു അത്. സ്‌കൂൾ നാടകങ്ങൾ സജീവമായിരുന്ന അക്കാലത്ത് ഐസക്കിനു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പ്രച്‌ഛന്നവേഷം, ഏകാങ്കാഭിനയം, നാടോടി നൃത്തം തുടങ്ങി മിക്ക കലാമൽസരങ്ങളിലും ഐസക് കൈവച്ചു. പൊടിപിടിച്ചെങ്കിലും മികവിന്റെ അടയാളം പോലെ ഐസക് വാരിക്കൂട്ടിയ ട്രോഫികൾ തറവാട്ടു വീട്ടിൽ ഇപ്പോഴും ഭദ്രം. പാലായിൽ എത്തുമ്പോഴെല്ലാം തന്റെ ട്രോഫികൾ തിരയാറുണ്ടെന്നു പറയുമ്പോൾ ഐസക്കിന്റെ കണ്ണുകൾക്കു പതിവിലേറെ തിളക്കം.

ഹൈസ്‌കൂൾ പഠനത്തിനായി ബെംഗളൂരു ബിഷപ് കോട്ടൻ സ്‌കൂളിൽ എത്തിയപ്പോഴും നാടകക്കമ്പം ഐസക് നിർത്തിയില്ല. ഒറ്റ വ്യത്യാസം: പാലായിൽ നടനായിരുന്നെങ്കിൽ ഇവിടെ സംവിധായകൻ. ബെംഗളൂരുവിൽ ഡ്രാമ ക്ലബിന്റെ സ്‌കൂൾ ക്യാപ്‌റ്റനായിരുന്നതിനാൽ വിദ്യാർഥിയായ ഐസക് സംവിധായകനായി. ഒപ്പം അഭിനയിക്കുകയും ചെയ്‌തു. നൃത്തവും ചിത്രരചനയുമെല്ലാം ഐസക്കിന് എളുപ്പം വഴങ്ങും.

സംഗീതത്തിലേക്കുള്ള വഴി

പ്രതിഭയ്‌ക്ക് അതിരുകളില്ല-ഐസക്കിനെ സംഗീതജ്‌ഞനാക്കിയത് ഈ ചിന്തയാണ്. പരമ്പരാഗത വഴികളിൽ നിന്നുമാറി ഐസക് എന്നും ഓരോ താളങ്ങൾ സൃഷ്‌ടിച്ചുകൊണ്ടേയിരുന്നു. ബിരുദ പഠനം കഴിഞ്ഞു രണ്ടു വർഷം തുടർച്ചയായി ശാസ്‌ത്രീയ സംഗീതം പഠിച്ചതും കൊഡൈക്കനാലിൽ അമേരിക്കൻ സംഗീതാധ്യാപകർക്കൊപ്പം സംഗീതം പഠിച്ചതുമെല്ലാം വഴിത്തിരിവായി. മൗത്ത് ഔർഗൻ, ബുൾബുൾ താര തുടങ്ങി ചെറുകിട സംഗീതോപകരണങ്ങളിലായിരുന്നു ആദ്യകാല പരീക്ഷണം.

സിനിമാസംവിധാനം പഠിക്കാൻ പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ എത്തിയ ഐസക്ക് സംഗീതത്തിന്റെ വഴിയിലേക്ക് എത്തിപ്പെടുകയായിരുന്നു. സംഗീതോപകരണങ്ങൾ വിൽക്കുന്ന ചെന്നൈയിലെ മ്യൂസി മ്യൂസിക്കൽ എന്ന സ്‌ഥാപനവുമായുള്ള പരിചയമാണ് ഐസക്കിനു തുണയായത്. ജിം മാസ്‌റ്റർ എന്നു വിളിച്ചിരുന്ന അവിടത്തെ പ്രഫ. ജേക്കബ് ജോണാണ് ഐസക്കിനു പിയാനോ വായിക്കാൻ അവസരം നൽകിയത്. ലണ്ടനിലെ ട്രിനിറ്റി കോളജിലും ഐസക് സംഗീതം പഠിച്ചു.

English Summary: Music director Isaac Thomas Kottukapally passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT