ADVERTISEMENT

2004 ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പു കാലം. അഹമ്മദാബാദിലെത്തി കോൺഗ്രസ് ഓഫിസിലും മറ്റും മാധവ് സിങ് സോളങ്കിയെപ്പറ്റി തിരക്കി. ആളുണ്ട്, പക്ഷേ ആരെയും കാണില്ല. മകൻ ഭരത് സിങ് സോളങ്കി ആ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. എന്നാൽ, പിതാവ് സോളങ്കി ഏറെക്കുറെ മൗനത്തിലാണ്. നമ്പർ കണ്ടു പിടിച്ച് ഒരു ദിവസം വിളിച്ചു.

‘പത്രക്കാരെയൊന്നും കാണുന്നില്ല’ എന്ന് മറുതലയ്ക്കൽ അദ്ദേഹം, ‘‘മീഡിയയെ കണ്ടിട്ട് മാസങ്ങളായി. നിങ്ങൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ ചൗധരിയോടു ചോദിക്കൂ’’ (അമർസിങ് ചൗധരിയെക്കുറിച്ചാണ്. അന്നത്തെ ഗുജറാത്ത് പ്രതിപക്ഷ നേതാവ്. 1985 ൽ സോളങ്കിക്കു പകരം മുഖ്യമന്ത്രിയായ ആൾ.)

‘‘ഗുജറാത്തിൽനിന്നല്ല, കേരളത്തിൽനിന്നു വരികയാണ്. രാഷ്ട്രീയമൊന്നും ചോദിക്കില്ല’’ എന്നു പറഞ്ഞപ്പോൾ ഒടുവിൽ സമ്മതിച്ചു. ‘‘ഒരു വൈകുന്നേരം വീട്ടിലേക്കു വരൂ, അഭിമുഖമൊന്നും വേണ്ട നമുക്ക് സംസാരിച്ചിരിക്കാം’’ എന്നു ക്ഷണം കിട്ടി.

ഗാന്ധിനഗർ സർക്കീട്ട് ഹൗസിലേക്ക് അങ്ങനെ എത്തിച്ചേർന്നു. സോളങ്കിയുടെ വീടിനു തൊട്ടടുത്താണ് ശങ്കർ സിങ് വഗേലയുടെ വീട്. മറ്റൊരു മുൻ മുഖ്യമന്ത്രി. ബിജെപി വിട്ട് കോൺഗ്രസിനൊപ്പമാണ് വഗേല അന്ന്. മത്സരിക്കുന്നുമുണ്ട്. വഗേലയുടെ വീട് തിരഞ്ഞെടുപ്പു ബഹളത്തിൽ മുങ്ങിനിൽക്കുന്നു. തൊട്ടപ്പുറത്ത് സോളങ്കിയുടെ വീട്ടിൽ അനക്കമേയില്ല, സന്ദർശകരില്ല.

വാതിൽ തുറന്നു തന്നത് സോളങ്കി തന്നെയാണ്. അദ്ദേഹത്തിന്റെ ഓഫിസ് മുറിയിലേക്കാണു കയറിയത്. വിശാലമായ മുറിയിലെ എല്ലാ ചുമരുകളിലും പുസ്തകങ്ങൾ നിറച്ച കൂറ്റൻ അലമാരകൾ. ഇന്ത്യയിൽ ഏറ്റവും വലിയ പുസ്തകശേഖരമുള്ള നേതാക്കളിൽ ഒരാളായിരുന്നു സോളങ്കി. രാഷ്ട്രീയക്കാരിലെ മികച്ച വായനക്കാരിലൊരാളും.

solanki-press-cutting

‘ഖാം’ തിയറിയുടെ ഉപജ്ഞാതാവ്

ഗുജറാത്തിൽ കോൺഗ്രസിനു ലഭിച്ച ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നു ഒരുകാലത്ത് സോളങ്കി. 4 തവണ മുഖ്യമന്ത്രിയായി. പിന്നീട് മോദി അവതരിക്കും വരെ അതൊരു റെക്കോർഡായിരുന്നു. ഗുജറാത്തിൽ മാത്രമല്ല, ഗുജറാത്തിൽനിന്നു ദേശീയ തലത്തിൽ സോളങ്കിയോളം പ്രാമുഖ്യം നേടിയ കോൺഗ്രസ് നേതാവും വേറെയുണ്ടായിരുന്നില്ല, സമകാലിക രാഷ്ട്രീയത്തിൽ.

1976ൽ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിപദത്തിലെത്തിയ സോളങ്കി സമുദായ വോട്ടുകൾ വാരിയെടുക്കുന്നതിലെ ‘ശാസ്ത്രീയ സമീപനം’ അവതരിപ്പിച്ച നേതാവെന്ന നിലയിൽ ഓർമിക്കപ്പെടുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഏറ്റവുമധികം സീറ്റുകളിൽ സ്വാധീനമുള്ള നാലു സമുദായങ്ങളെ - ക്ഷത്രിയർ, ഹരിജനങ്ങൾ, ആദിവാസികൾ, മുസ്‌ലിംകൾ - കയ്യിലെടുത്തുകൊണ്ടുള്ള ആ പരീക്ഷണം സോളങ്കിയെ രണ്ടു തിരഞ്ഞെടുപ്പുകളിൽ അടുപ്പിച്ച് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിച്ചു. ഈ സമുദായങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർത്തുണ്ടാക്കിയ ‘ഖാം’ (KHAM) തിയറി എന്ന പേരിലാണ് ആ തന്ത്രം അറിയപ്പെട്ടത്.

എന്നാൽ, ഗുജറാത്തിനെ ഇളക്കിമറിച്ച സംവരണ വിരുദ്ധ സമരം 1985ൽ മുഖ്യമന്ത്രി സോളങ്കിയുടെ കസേര തെറിപ്പിച്ചു. അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി കേന്ദ്രമന്ത്രിസഭയിലേക്കു ക്ഷണിച്ചെങ്കിലും പിണങ്ങിയ സോളങ്കി വഴങ്ങിയില്ല. പകരം, ജീൻസും ടീ ഷർട്ടുമണിഞ്ഞ് പെട്ടിയിൽ കുറച്ചു പുസ്തകങ്ങളും വച്ചു പൂട്ടി യൂറോപ്പ് പര്യടനത്തിനു വിമാനം കയറി.

പിണങ്ങിപ്പോയ നേതാവ് ആറുമാസത്തെ പര്യടനം കഴിഞ്ഞ് തിരിച്ചെത്തി രാജീവിന്റെ മന്ത്രിയായി; നമ്മളിപ്പോൾ നിരന്തരം കാണുന്നതു പോലെ പാർട്ടി വിട്ട് ബിജെപിയിലേക്കു പോയില്ല! പക്ഷേ, വിദേശകാര്യമന്ത്രിയായിരിക്കെ സ്വീഡൻ സർക്കാരിനോട് ബോഫോഴ്സ് കേസ് അന്വേഷണം നി‍ർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന വിവാദത്തിൽ സോളങ്കിക്കു രാജിവയ്ക്കേണ്ടി വന്നു.

കരുണാകരന് മറക്കാനാകാത്ത സോളങ്കി

പഴയ പ്രതാപകാലങ്ങളുടെ ഒരോർമ മാത്രമായിരുന്നു 2004 ൽ കാണുമ്പോൾ മാധവ് സിങ് സോളങ്കി. കെ.കരുണാകരനെക്കുറിച്ചാണ് അന്നു സംസാരിച്ചു തുടങ്ങിയത്. കരുണാകരൻ ജീവിച്ചിരുന്നിടത്തോളം കാലം മറന്നിട്ടുണ്ടാവില്ല, സോളങ്കിയെ. അന്ന് എഐസിസിയിൽ പ്രത്യേക ക്ഷണിതാക്കളായിരുന്നു ഇരുവരും. ഇരിക്കുന്നത് അടുത്തടുത്ത കസേരകളിൽ. ആ ഇരിപ്പല്ല, കസേരയുമായിതന്നെ ബന്ധപ്പെട്ട മറ്റൊരു ചരിത്രമാണ് സോളങ്കിയെ കരുണാകരന്റെ ദുഃസ്വപ്നങ്ങളിലെ സാന്നിധ്യമാക്കിയിട്ടുണ്ടാവുക. കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽനിന്ന് 1995 ൽ കരുണാകരനെ മാറ്റാനുള്ള തീരുമാനമെടുത്ത എഐസിസി ജനറൽ സെക്രട്ടറി മാധവ് സിങ് സോളങ്കിയായിരുന്നു. അന്ന് കേരളത്തിൽ കേന്ദ്ര നിരീക്ഷകനായിരുന്നു സോളങ്കി.

അന്നത്തെ ചോദ്യോത്തരങ്ങൾ

രാഷ്ട്രീയം സംസാരിക്കില്ലെന്ന് പറഞ്ഞെങ്കിലും സംസാരിച്ചു വന്നപ്പോൾ രാഷ്ട്രീയം പറഞ്ഞു സോളങ്കി അന്ന്. ആ സംഭാഷണത്തിലെ ചില ഭാഗങ്ങൾ – പ്രത്യേകിച്ചും മക്കൾ രാഷ്ട്രീയം, കോൺഗ്രസ് ഹൈക്കമാൻഡ് എന്നിവയെക്കുറിച്ചൊക്കെയുള്ളത് – ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലും അവ വായിക്കുക രസകരം.

∙ ചോദ്യം: എന്തുകൊണ്ടാണ് ഇങ്ങനെ? തിരഞ്ഞെടുപ്പല്ലേ, എന്നിട്ടും ഈ മൗനം, ഏകാന്തത? രാഷ്‌ട്രീയത്തിൽനിന്നു വിരമിച്ചോ?

സോളങ്കി: വിരമിച്ചിട്ടൊന്നുമില്ല. എഐസിസി അംഗമാണ്. ഇവിടെ ഇപ്പോൾ അത്ര സജീവമല്ലെന്നു മാത്രം. നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിടെ അപകടത്തിൽപ്പെട്ടു. മറിയാൻ പോയ ജീപ്പിൽനിന്ന് അമിതാഭ് ബച്ചനെപ്പോലെ എടുത്തുചാടിയതാണ്. രണ്ടു കാലും ഒടിഞ്ഞു. ഇപ്പോൾ ഫിസിയോതെറപ്പിയിലാണ്.

∙ പ്രചാരണത്തിനു പോകുന്നതേയില്ലേ?

പോകണമെന്നുണ്ട്. വണ്ടിയിൽ ഒറ്റയിരിപ്പ് ഇരിക്കാൻ പറ്റില്ല. ഡോക്‌ടർമാർ സമ്മതിക്കുമെങ്കിൽ ആനന്ദിൽ അവസാന രണ്ടു ദിവസം പോകും. അവിടെ മകൻ മത്സരിക്കുന്നു.

∙ മക്കൾ രാഷ്‌ട്രീയം അല്ലേ?

അല്ലല്ല. അവൻ രാഷ്‌ട്രീയത്തിൽ വന്നതുപോലും ഞാനറിഞ്ഞിട്ടില്ല. അവന്റെ ഭാര്യാപിതാവ് മത്സരിച്ചപ്പോൾ പ്രചാരണക്കാര്യങ്ങളുടെ ചുമതല അവനായിരുന്നു. അങ്ങനെ മണ്ഡലത്തിലെ പ്രവർത്തകരുമായി ബന്ധം വന്നു. അങ്ങനെ സ്വന്തംനിലയ്‌ക്കു വളർന്നുവന്നതാണ്. ഗുജറാത്ത് കോൺഗ്രസിലെ ആരും അതു സമ്മതിക്കും.

∙ പക്ഷേ പൊതുവേ, രാഷ്‌ട്രീയം കുടുംബകാര്യമാകുന്നത് ദീർഘകാലാടിസ്‌ഥാനത്തിൽ പാർട്ടിക്കു ഗുണം ചെയ്യുമോ?

ജനപിന്തുണയും കാര്യശേഷിയുമുണ്ടെങ്കിൽ കുഴപ്പമില്ല. കുടുംബക്കാർ അങ്ങോട്ടുമിങ്ങോട്ടും പരസ്‌പരസഹായ സംഘമായി നിൽക്കുന്നതും ശരിയല്ല. സ്വയം കഷ്‌ടപ്പെട്ടു മുന്നോട്ടുവരണം.

∙ പക്ഷേ, കോൺഗ്രസ്സിൽ പൊതുവേ കണ്ടുവരുന്നത് കുടുംബപ്പേരിന്റെ മഹിമകൊണ്ടുമാത്രം സ്‌ഥാനമാനങ്ങൾ നേടുന്നവരെയല്ലേ?

ഉണ്ടാകും. ജനങ്ങൾ അവരെ സ്വീകരിക്കുന്നുണ്ടോ എന്നതല്ലേ യഥാർഥ പരീക്ഷ, പരീക്ഷണം. അതിൽ വിജയിക്കുന്നവർ നിലനിൽക്കും.

∙ കേരള രാഷ്‌ട്രീയം ഇപ്പോൾ ശ്രദ്ധിക്കാറുണ്ടോ? കെ. കരുണാകരനെ കാണാറുണ്ടോ?

കാര്യമായി ശ്രദ്ധിക്കാറില്ല. കരുണാകരനെ എഐസിസി യോഗങ്ങളിൽവച്ചു കാണും. ഞങ്ങൾ രണ്ടുപേരും പ്രത്യേക ക്ഷണിതാക്കളാണ്. അടുത്തടുത്താണ് ഇരിക്കാറുള്ളത്.

∙ 1995ൽ കരുണാകരനോടു ചെയ്‌തതു ശരിയല്ലെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?

അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു. മൂപ്പനാരും അന്ന് എന്റെ കൂടെയുണ്ട്. എംഎൽഎമാരെ ഒറ്റയ്‌ക്കൊറ്റയ്‌ക്കു കണ്ടപ്പോൾ ഭൂരിപക്ഷം കരുണാകരന്റെ കൂടെയല്ല എന്നു മനസ്സിലായി. പിന്നെ മറ്റെന്തു ചെയ്യാൻ കഴിയും.

∙ തീരുമാനം അറിയിച്ചപ്പോൾ കെ. കരുണാകരന്റെ പ്രതികരണം എന്തായിരുന്നു?

അദ്ദേഹം ആദ്യം വിശ്വസിച്ചില്ല. ‘നിങ്ങളെന്താണീ പറയുന്നത്? ഭൂരിപക്ഷം എംഎൽഎമാരും എന്റെ കൂടെയാണ്’ എന്നായിരുന്നു പ്രതികരണം. പക്ഷേ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ അംഗീകരിച്ചു. പിറ്റേന്ന് അദ്ദേഹം തന്നെ ആന്റണിയുടെ പേര് നിർദേശിക്കുകയും ചെയ്‌തു.

∙ പക്ഷേ ഗ്രൂപ്പുകളുടെ അടിസ്‌ഥാനത്തിലുള്ള ഇത്തരം മാറ്റിമറിക്കലുകൾ പാർട്ടിയെ ദുർബലപ്പെടുത്തുകയല്ലേ ചെയ്യുക? ഗ്രൂപ്പിസത്തെ നിയന്ത്രിക്കാൻ കഴിയില്ലേ?

എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്‌കാരമാണ് കോൺഗ്രസിന്റേത്. അപ്പോൾ ഒത്തുതീർപ്പുകൾ വേണ്ടിവരും.

∙ പക്ഷേ കേരളത്തിലിപ്പോൾ പാർട്ടിയെ പിളർത്തുന്ന ഘട്ടം വരെയത്തി ഗ്രൂപ്പുകളി? ഗുജറാത്തിലും സ്‌ഥിതി അത്ര ശരിയല്ലല്ലോ.

കെ. കരുണാകരൻ അങ്ങനെ ചെയ്യില്ല എന്നെനിക്കറിയാം. നൂറുശതമാനം കോൺഗ്രസുകാരനാണ് അദ്ദേഹം. സീനിയർ നേതാവാണ്. അദ്ദേഹത്തെ അംഗീകരിച്ചുവേണം മുന്നോട്ടുപോകാൻ. ഗുജറാത്തിനെക്കുറിച്ച് പറയുന്നില്ല. ഞാൻ ഒരു ഗ്രൂപ്പിലുമില്ല.

∙ ബോഫോഴ്‌സ് കേസ് വീണ്ടും ചർച്ചയാകുകയാണല്ലോ. വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ താങ്കൾ സ്വീഡൻ സർക്കാരിനോട് അന്വേഷണം നിർത്തിവയ്‌ക്കണമെന്നവശ്യപ്പെട്ടതായി ആരോപണമുണ്ടായിരുന്നല്ലോ?

അതൊക്കെ വെറുതേ പറയുന്നതാണ്. എനിക്ക് കേസിൽ യതൊരു പങ്കുമില്ലെന്ന് കോടതി വിധിച്ചു കഴിഞ്ഞതാണ്. ഇക്കാര്യം സംസാരിക്കാൻ താൽപര്യമില്ല.

∙ ശരി, ആന്റണിയാണോ കരുണാകരനാണോ നല്ല നേതാവ്?

രണ്ടു പേർക്കും അവരവരുടേതായ ഗുണങ്ങളുണ്ട്. ആന്റണി സത്യസന്ധനാണ്. ആത്മാർഥതയുണ്ട്. പക്ഷേ, മനസ്സിലുള്ള കാര്യങ്ങൾ പങ്കുവയ്‌ക്കില്ല. കരുണാകരൻ പ്രായോഗികബുദ്ധിയുള്ള നേതാവാണ്. ഇവർ രണ്ടുപേരും ചേർന്നാണ് കേരളത്തിൽ പാർട്ടിയെ വളർത്തിയത്.

∙ മുൻപ് കേരളത്തിലെ കോൺഗ്രസിലെ പ്രതിസന്ധി പരിഹരിച്ചത് ഗുജറാത്തിൽനിന്നുള്ള സോളങ്കി. ഇപ്പോൾ അതിന്റെ ചുമതല ഗുജറാത്തിൽനിന്നുതന്നെയുള്ള അഹമ്മദ് പട്ടേലിന്. ഗുജറാത്തുകാർ ക്രൈസിസ് മാനേജർമാരാണോ?

യാദൃശ്ചികം. പക്ഷേ അഹമ്മദ് പട്ടേലിനെക്കാൾ സീനിയർ നേതാക്കളാണ് ആന്റണിയും കരുണാകരനും. അതിന്റെ പ്രശ്‌നങ്ങളുണ്ടാകും. വ്യക്‌തമായ തീരുമാനങ്ങളും അത് നടപ്പാക്കാൻ കഴിയുന്ന ഹൈക്കമാൻഡുമാണ് വേണ്ടത്.

∙ ഹൈക്കമാൻഡ് ദുർബലമാണെന്നാണോ ഉദ്ദേശിച്ചത്?

ഹൈക്കമാൻഡിന് എല്ലാ സംസ്‌ഥാനങ്ങളിലെയും കാര്യങ്ങൾ നോക്കാനും മനസ്സിലാക്കാനും കഴിഞ്ഞെന്നു വരില്ല. സംസ്‌ഥാനങ്ങളുടെ ചുമതലയുള്ളവർക്ക് കാര്യങ്ങൾ ശക്‌തമായി പറയാനും നടപ്പാക്കാനും കഴിയണം. ഹൈക്കമാൻഡിന് അനുസരിപ്പിക്കാനും കഴിയണം. ഇന്ദിര ഗാന്ധി അങ്ങനെയായിരുന്നു.

∙ തന്ത്രശാലിയായ രാഷ്‌ട്രീയക്കാർ, പ്രായോഗിക രാഷ്‌ട്രീയത്തിന്റെ ആശാൻമാർ, കേന്ദ്രമന്ത്രിമാർ, മുഖ്യമന്ത്രിമാർ, സ്‌ഥാനം നഷ്‌ടപ്പെട്ടവർ... ഗുജറാത്തിലെ കെ. കരുണാകരനാണ് മാധവ് സിങ് സോളങ്കിയെന്നു തോന്നാറുണ്ട്. ശരിയാണോ?

ഞങ്ങൾ ഇരുവരും ഞങ്ങളുടെ സംസ്ഥാനങ്ങളിൽ പാ‍ർട്ടിക്ക് അടിത്തറയിട്ടവരാണ്. പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവർ. അത്രമാത്രം.

∙ ഇപ്പോൾ തൃപ്‌തനാണോ? ഒരിക്കൽ കൂടി ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടോ ഉള്ളിന്റെയുള്ളിൽ?

ഇല്ലില്ല. ഒരു രാഷ്‌ട്രീയപ്രവർത്തകന്റെ ജീവിതത്തിൽ ആകാൻ കഴിയുന്നതെല്ലാം ഞാനായിക്കഴിഞ്ഞു. ഇനി ആഗ്രഹങ്ങളില്ല. പുസ്‌തകങ്ങൾ വായിക്കണം. അത്രമാത്രം.

∙ ഏതു പുസ്‌തകമാണ് ഇപ്പോൾ വായിക്കുന്നത്?

ഭഗവദ് ഗീത.

English Summary: Rememberting Madhav Singh Solanki, the veteran congress leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT