സ്റ്റേജ് ഷോയിൽ സുബിയുടെ പ്രകടനം പകരം വയ്ക്കാനാകാത്തത്: ജയറാം

Mail This Article
കൽപന മരിച്ചതിനു ശേഷം സ്റ്റേജ് ഷോകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യം ഉയർന്നുവരുന്ന പേര് സുബി സുരേഷിന്റേതായിരുന്നുവെന്ന് നടൻ ജയറാം. ഒരിക്കൽ അമേരിക്കയിൽ ഒന്നരമാസം നീണ്ടു നിൽക്കുന്ന പ്രോഗ്രാമിന് പോകുമ്പോൾ ഓരോ സ്റ്റേജിലും പെട്ടെന്ന് തന്നെ പരിപാടികൾ മാറ്റേണ്ടി വന്നിരുന്നു. സുബിയെപ്പോലെ ഒരു ആർട്ടിസ്റ്റ് കൂടെയുള്ളതുകൊണ്ട് അതിനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. വളരെ ബ്രില്യൻറ്റ് ആയ താരമാണ് സുബി. സിനിമയിലും സ്റ്റേജിലും ടിവി ഷോകളിലും ഒരുപോലെ മിന്നിത്തിളങ്ങി ജനപ്രിയയായിരുന്ന കലാകാരിയുടെ നഷ്ടം നികത്താനാകാത്തതാണെന്ന് ജയറാം പറയുന്നു
‘‘എന്നെ സംബന്ധിച്ച് വ്യക്തിപരമായി വലിയ നഷ്ടമാണ് സുബിയുടെ വിയോഗം. സിനിമ പോലെ സ്റ്റേജ് പ്രോഗ്രാമും ഒരുപോലെ കൊണ്ട്നടക്കുന്ന ആളാണ് ഞാൻ. വിദേശത്ത് പ്രോഗ്രാമിന് പോകാനൊരുങ്ങുമ്പോൾ ഞാനും പിഷാരടിയും കോട്ടയം നസീറുമൊക്കെ ആലോചിക്കുമ്പോൾ കുറച്ചു കാലം മുൻപ് വരെ ആദ്യം പറഞ്ഞിരുന്ന പേര് കൽപനയുടേതായിരുന്നു, അതുപോലെ പിന്നീട് പറയുന്ന പേരാണ് സുബി.
ഞങ്ങളുടെ സ്റ്റേജ് പരിപാടികളിൽ ഒഴിച്ച് കൂടാൻ വയ്യാത്ത ആളായിരുന്നു സുബി സുരേഷ്. സ്റ്റേജിൽ മാത്രമല്ല ടിവി ഷോകളിൽ അവതാരകയായും സിനിമയിലും അനിവാര്യമായ ആളായിരുന്നു സുബി. എല്ലാവർക്കും അവരെ ഇഷ്ടമായിരുന്നു. അത്തരത്തിൽ ജനപ്രീതി നേടിയെടുക്കുന്നത് വലിയ കാര്യമാണ്. ബ്രില്യന്റ് ആയ ആർടിസ്റ്റിനു മാത്രം കിട്ടുന്ന അംഗീകാരമാണ് അത്. സിനിമയ്ക്ക് വലിയൊരു നഷ്ടമാണ് സുബിയുടെ വിയോഗം.
സ്റ്റേജ് ഷോകൾക്ക് ഒരുമിച്ച് പോയ അനുഭവം ഒരുപാടുണ്ട്. ഒന്നര മാസം നീണ്ടു നിന്ന ഒരു അമേരിക്കൻ ഷോയ്ക്ക് പോയപ്പോഴുള്ള അനുഭവം ഞാൻ ഇന്നുമോർക്കുന്നു. ചില സ്ഥലത്ത് ഓഡിയൻസിനു അനുസരിച്ച് പ്രോഗ്രാം മാറ്റിക്കൊണ്ടേയിരിക്കേണ്ടി വരും. സുബിയെപ്പോലെ ഒരു ആർടിസ്റ്റ് ആണെങ്കിൽ നമുക്ക് ഒരു ബുദ്ധിമുട്ടുമില്ല. ‘സുബി ആ പ്രോഗ്രാം ക്യാൻസൽ ആണ് കേട്ടോ, അടുത്ത പ്രോഗ്രാമിൽ നീ കേറിക്കോ’ എന്ന് പറഞ്ഞാൽ പെട്ടെന്ന് തന്നെ കയറി പെർഫോം ചെയ്യുന്ന ചുരുക്കം ചില ആർടിസ്റ്റുകളിൽ ഒരാളാണ് സുബി. അവൾക്ക് തന്റേതായ ഒരു ശൈലി ഉണ്ടായിരുന്നു. കുട്ടികളെ വച്ച് ചെയ്ത ഒരു ടിവി ഷോ സുബിക്ക് വേണ്ടി മാത്രമാണ് മലയാളികൾ കണ്ടിരുന്നത്. എന്ത് രസമായിട്ടാണ് സുബി അവതരിപ്പിക്കുന്നത്. കലാരംഗത്ത് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.’’– ജയറാം പറയുന്നു.