ലളിതാമ്മ പോയ ദിവസം സുബിയും: പൊട്ടിക്കരഞ്ഞ് മഞ്ജു പിള്ള

Mail This Article
ഉറ്റസുഹൃത്തും അഭിനേത്രിയുമായ സുബി സുരേഷിന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ് മഞ്ജുപിള്ള. ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു. 'മഞ്ജു മോളേ അവളിത്തിരി സീരിയസാണെന്ന്' മമ്മി വിളിച്ച് പറയുമ്പോഴും ഇത്ര പെട്ടെന്ന് പോകുമെന്ന് വിചാരിച്ചില്ല. ശക്തിയോടെ തിരിച്ചു വരുമെന്നാണ് കരുതിയിരുന്നതെന്നും മഞ്ജുപിള്ള പറയുന്നു. ഒറ്റയ്ക്ക് നിന്ന് പോരാടിയെടുത്ത ജീവിതമാണ് സുബിയുടേത്. ആരും സഹായത്തിനുണ്ടായിരുന്നില്ല. അവിടെ നിന്നാണ് എല്ലാം അവള്‍ സ്വന്തമാക്കിയതെന്ന് മഞ്ജു ഓര്‍ത്തെടുക്കുന്നു.
‘‘എനിക്ക് സുബിയുമായി വർഷങ്ങളായുള്ള ആത്മബന്ധമുണ്ട്. സുബിക്ക് അധികവും ആൺ സുഹൃത്തുക്കളാണ്. ഏതെങ്കിലും ഒരു പെണ്ണിനോട് സുബി അടുപ്പം കാണിച്ചിട്ടുണ്ടെങ്കിൽ അത് മഞ്ജുവിനോടായിരിക്കും എന്ന് സുബിയുടെ മമ്മി എപ്പോഴും പറയുമായിരുന്നു. ഞാൻ സുബിയുടെ വീട്ടിൽ പോയി നിൽക്കാറുണ്ട്. തിരുവനന്തപുരത്ത് വരുമ്പോൾ സുബി എന്റെ വീട്ടിലാണ് വന്നു നിൽക്കാറുള്ളത്. ഞാൻ വീട്ടിൽ ഇല്ലെങ്കിലും അവൾ എന്റെ വീട്ടിൽ പോയി നിൽക്കും, എന്റെ അമ്മയുമായി അത്ര അടുപ്പമായിരുന്നു. ഒരുപാടു അസുഖങ്ങളുള്ള കുട്ടിയായിരുന്നു സുബി. അത് വളരെ അടുത്ത കുറച്ച് ആൾക്കാർക്ക് മാത്രമേ അറിയൂ. പലപ്പോഴും ക്രിട്ടിക്കൽ സ്റ്റേജിൽ ആശുപത്രിയിൽ അഡ്മിറ്റ് ആവുമെങ്കിലും അവൾ ശക്തിയോടെ തിരിച്ചു വരുമായിരുന്നു. രണ്ടു ദിവസം മുൻപ് അവളുടെ മമ്മി ഫോൺ ചെയ്തിട്ട് മഞ്ജു, മോളെ അവൾക്ക് ഇച്ചിരി സീരിയസ് ആണെന്ന് പറയുമ്പോഴും അവൾ ഇത്രപെട്ടെന്ന് പോവുമെന്ന് വിചാരിച്ചില്ല അവൾ ശക്തിയോടെ തിരിച്ചു വരുമെന്ന് തന്നെയാണ് വിചാരിച്ചിരുന്നത്.
പക്ഷേ പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. എല്ലാം പെട്ടെന്ന് ആയിപ്പോയി. ഞാനിപ്പോൾ ഷൂട്ടിങ് സ്ഥലത്താണ് എനിക്ക് പോകാൻ പറ്റില്ല അതിന്റെ സങ്കടമുണ്ട്. ഇന്ന് ലളിത അമ്മ(കെപിഎസി ലളിത) പോയിട്ട് ഒരുവർഷം തികയുന്ന ദിവസമാണ്. വളരെ അടുപ്പമുള്ള രണ്ടുപേർ ഒരേ ദിവസം പോവുക എന്ന് പറയുമ്പോൾ സഹിക്കാൻ പറ്റുന്നില്ല. അവൾ ഒരുപാട് സ്റ്റേജ് പരിപാടികൾ ചെയ്തിരുന്നു. ആദ്യം ഒരു ഡാൻസർ ആയിരുന്നു അവൾ അവൾക്കൊരു ട്രൂപ്പ് ഉണ്ടായിരുന്നു. ഒറ്റക്ക് നിന്ന് പോരാടി നേടിയെടുത്ത ജീവിതമാണ് അവളുടേത്. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പോലും മമ്മി എന്നെ വിളിച്ചു പറയും മഞ്ജു അവളോട് സംസാരിക്കണമെന്ന് അത്രയ്ക്കു വളരെ അടുത്ത ബന്ധമാണ്. പറയാനാകാത്ത വലിയൊരു ആത്മബന്ധം ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. എനിക്കവൾ സഹോദരതുല്യയായിരുന്നു. ഒരു പ്രണയമുണ്ടായാൽ ഉടൻ വിളിച്ച് പറയാൻ മാത്രമുള്ള അടുപ്പമുണ്ടായിരുന്നു. ഞാൻ വഴക്ക് പറഞ്ഞാൽ അവൾ കേട്ടുകൊണ്ടിരിക്കും, മറ്റാര് പറഞ്ഞാലും അവൾ തിരിച്ചു പറയും. പോയത് പെട്ടെന്നായിപ്പോയി. എനിക്ക് കൂടുതലൊന്നും സംസാരിക്കാൻ കഴിയുന്നില്ല.’’ മഞ്ജു പിള്ള പറയുന്നു.