ആന്റണിയോടുള്ള ആരാധനയാൽ കോൺഗ്രസിൽ; സ്വന്തം വീടു വിറ്റ് പാർട്ടി മന്ദിരം നിർമിച്ച പാച്ചേനി

Mail This Article
കണ്ണൂർ ∙ ജില്ലയിലെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ഒന്നായ പാച്ചേനിയിൽ കർഷകത്തൊഴിലാളികളായ പി.ദാമോദരന്റെയും എം.നാരായണിയുടെയും മൂത്ത മകനായി ജനിച്ച സതീശൻ പാച്ചേനി ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏറെ അനുഭവിച്ചാണ് വളർന്നത്. എഴുപതുകളുടെ അവസാനം എ.കെ.ആന്റണിയുടെ ആദർശാധിഷ്ഠിത നിലപാടുകളോടുള്ള ആരാധനയാൽ അദ്ദേഹത്തിന്റെ അനുയായികളായവരിൽ സതീശനും ഉണ്ടായിരുന്നു.
ഒരുപാട് വെല്ലുവിളികൾ തരണം ചെയ്തായിരുന്നു സതീശന്റെ രാഷ്ട്രീയ പ്രവർത്തനം. പരിയാരം ഗവൺമെന്റ് സ്കൂളിൽ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ആയിരുന്ന സതീശൻ മെക്കാനിക്കൽ ട്രേഡ് വിദ്യാർഥിയായി കണ്ണൂർ ഗവൺമെന്റ് പോളിടെക്നിക്കിലെത്തിയപ്പോൾ അവിടെയും കെഎസ്‌യുവിനെ നയിച്ചു.
1985 ൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ കെഎസ്‌യുവിന്റെ നേതൃത്വത്തിൽ 66 ദിവസം നീണ്ടുനിന്ന സമരം നടത്തിയപ്പോൾ കണ്ണൂരിൽ അതു നയിച്ചത് സതീശൻ പാച്ചേനി ആയിരുന്നു. കണ്ണൂർ എസ്എൻ കോളജിൽ പ്രീഡിഗ്രിക്ക് ചേർന്ന സതീശൻ കെഎസ്‌യു തളിപ്പറമ്പ് താലൂക്ക് സെക്രട്ടറിയും തുടർന്ന് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമായി. പയ്യന്നൂർ കോളജിൽ ബിഎ പൊളിറ്റിക്കൽ സയൻസ് പഠിക്കുമ്പാഴാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗമായത്. അന്ന് കെ.സി.വേണുഗോപാലാണ് സംസ്ഥാന പ്രസിഡന്റ്. 1993 ൽ ജെ.ജോസഫ് പ്രസിഡന്റ് ആയ കമ്മിറ്റിയിൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി, പിന്നാലെ സംസ്ഥാന പ്രസിഡന്റും

കേരളത്തിൽ ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാരിനെതിരെ നിരവധി സമരങ്ങൾക്ക് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ സതീശൻ പാച്ചേനി നേതൃത്വം നൽകി. പാരലൽ കോളജ് വിദ്യാർഥികളുടെ ബസ് കൺസഷനുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കെഎസ്‌യു നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ സതീശൻ പാച്ചേനി അടക്കം 28 കെഎസ്‌യു നേതാക്കൾ മാരകമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലായി. അന്ന് ആശുപത്രിയിൽ എത്തിയാണ് മജിസ്ട്രേട്ട് കെഎസ്‌യു നേതാക്കളെ റിമാൻഡ് ചെയ്തത്.
അട്ടക്കുളങ്ങര സബ് ജയിലിൽ റിമാൻഡ് കാലാവധി കഴിഞ്ഞ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിനു ശേഷം പ്ലാസ്റ്ററിട്ട കൈകളും മുറിവുകളുമായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരസമരം തുടങ്ങി. സമരത്തിന്റെ അഞ്ചാംദിവസം അന്നത്തെ ഗതാഗത മന്ത്രി നീലലോഹിതദാസൻ നാടാർ കെഎസ്‌യു നേതാക്കളെ ചർച്ചയ്ക്കു വിളിക്കുകയും പാരലൽ കോളജ് വിദ്യാർഥികളുടെ ചാർജ് വർധിപ്പിച്ച നടപടി പിൻവലിക്കുകയും ചെയ്തു. വിദ്യാർഥികളുടെ അവകാശ സംരക്ഷണത്തിനായി കെഎസ്‌യു നടത്തിയ ചരിത്ര സമരങ്ങളിൽ ഒന്നായി അത്.
മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്താതെ പ്രീഡിഗ്രി നിർത്തലാക്കി സ്കൂളുകളിൽ പ്ലസ് ടു കൊണ്ടുവരുന്നതിനെതിരെ കെഎസ്‌യു നടത്തിയ പ്രക്ഷോഭവും സതീശൻ പാച്ചേനി പ്രസിഡന്റായ കാലത്തായിരുന്നു. അന്ന് ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി ജയിലിലടച്ചപ്പോൾ അവിടെ നിരാഹാരസമരം നടത്തിയതും വാർത്തയായി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കാലിക്കറ്റ് സർവകലാശാല യൂണിയൻ കെഎസ്‌യു തിരിച്ചുപിടിക്കുന്നത് പാച്ചേനി പ്രസിഡന്റായ കാലത്താണ്.

1996 ൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറിയായിരിക്കെ, സതീശൻ പാച്ചേനി നിയമസഭയിലേക്ക് മത്സരിച്ചു. തളിപ്പറമ്പ് മണ്ഡലത്തിൽ എം.വി.ഗോവിന്ദനെതിരെയായിരുന്നു കന്നിപ്പോരാട്ടം. 2001ൽ പാർട്ടി പാച്ചേനിയെ ഏൽപ്പിച്ചത് മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെ നേരിടാനുള്ള ദൗത്യമാണ്. അവസാന നിമിഷം മാത്രമാണ് സ്ഥാനാർഥി പ്രഖ്യാപനം വന്നതെങ്കിലും സംസ്ഥാനത്തെ കെഎസ്‌യു നേതാക്കളും സഹപ്രവർത്തകരും മലമ്പുഴയിൽ ക്യാംപ് ചെയ്ത് ആ പോരാട്ടം അവിസ്മരണീയമാക്കി. കേവലം 4200 വോട്ടുകൾക്കാണ് മലമ്പുഴയിൽ വിഎസിനു ജയിക്കാനായത്. 2006 ൽ, വിഎസ് താരമൂല്യത്തിന്റെ പാരമ്യത്തിൽ നിൽക്കുന്ന സമയത്തും പാച്ചേനിയെത്തന്നെയാണ് മലമ്പുഴയിൽ വീണ്ടും കോൺഗ്രസ് നിയോഗിച്ചത്.
2009 ൽ പാലക്കാട്ടുനിന്നു ലോക്സഭയിലേക്കു മൽസരിച്ചപ്പോൾ 1820 വോട്ടിനായിരുന്നു പരാജയം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തിലെ അതികായൻ എം.പി.വീരേന്ദ്രകുമാർ ഒരു ലക്ഷത്തിലധികം വോട്ടിനാണ് ആ മണ്ഡലത്തിൽ പരാജയപ്പെട്ടത് എന്നത് പാച്ചേനിയുടെ പോരാട്ടവീര്യത്തിന്റെ മാറ്റ് കൂടുതൽ പ്രകടമാക്കുന്നു. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിലും നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കണ്ണൂരിൽനിന്ന് പരാജയപ്പെട്ടത്. 2001 മുതൽ 2012 വരെ കെപിസിസി സെക്രട്ടറി ആയിരുന്നു പാച്ചേനി. കെപിസിസി ജനറൽ സെക്രട്ടറിയായ വേളയിൽ കേരളത്തിലങ്ങോളമിങ്ങോളം കോൺഗ്രസിന് കരുത്തേകാൻ അദ്ദേഹം വിശ്രമമില്ലാതെ സഞ്ചരിച്ചു.
2016 ഡിസംബർ 17 ന് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ചുമതല പാർട്ടി ഏൽപിച്ചപ്പോൾ കോൺഗ്രസിന് പുതിയ രീതിയും ശൈലിയും സമ്മാനിച്ചാണ് നിലപാടുകളെ മുറുകെ പിടിക്കുന്ന ആദർശനിഷ്ഠയുള്ള പാച്ചേനി ശ്രദ്ധേയനായത്. പാർട്ടി ഗ്രാമങ്ങളിലൂടെ ഉൾപ്പെടെ പദയാത്രകൾ നടത്തി പാർട്ടിക്ക് ഉണർവേകി. യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തെ തുടർന്ന് അക്രമ രാഷ്ട്രീയത്തിനെതിരെ ഉപവാസ സമരമിരുന്ന് പുതിയ സമരമുഖം തുറന്നു.

കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ പാർട്ടി സംഘടനാ സംവിധാനം ഉപയോഗിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ നേതൃത്വം നൽകി.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം പണി പൂർത്തിയാക്കി ഉദ്ഘാടനത്തിന് ഒരുക്കിയതും സതീശൻ പാച്ചേനിയായിരുന്നു. അന്ന് ആസ്ഥാന നിർമാണത്തിന് പണം തികയാതെ വന്നപ്പോൾ സ്വന്തം വീട് വിറ്റാണ് അദ്ദേഹം പണം കണ്ടെത്തിയത്. സാധാരണക്കാർക്ക് ഏതു സമയത്തും സമീപിക്കാവുന്ന രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഭാരത് ജോഡോ പദയാത്രയുടെ കണ്ണുർ ജില്ലയിലെ മുഖ്യ ചുമതലക്കാരനായിരുന്ന സതീശൻ പാച്ചേനി ഭംഗിയായി നിർവഹിച്ച് നേതാക്കളുടെ പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തു.
English Summary: Political Life of Satheeshan Pacheni