ADVERTISEMENT

തിരുവനന്തപുരം ∙ ചടയമംഗലം മുൻ എംഎൽഎ പ്രയാർ ഗോപാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2001ലാണ് ചടയമംഗലത്തുനിന്ന് നിയമസഭയിലെത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ്  മുൻ പ്രസിഡന്റാണ്. മുൻ അധ്യാപിക എസ്.സുധർമ്മയാണു ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു ജി.കൃഷ്ണൻ എന്നിവർ മക്കളാണ്.

കൃഷ്ണൻനായരുടെയും മീനാക്ഷിയമ്മയുടെയും മകനായി 1949ൽ പ്രയാറിൽ ജനനം. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്കെത്തി. കൊല്ലം എസ്എൻ‌ കോളജ് യൂണിയൻ ചെയർമാനായിരുന്നു. മിൽക്ക്  സൊസൈറ്റീസ് അസോസിയേഷന്റെ സ്ഥാപക പ്രസിഡന്റാണ്. 2000 മുതൽ ദീർഘകാലം മിൽമ ചെയർമാനായിരുന്നു. നാഷനൽ ഡയറി ഡെവലപ്മെന്റ് ബോർഡിലെ അംഗമായും പ്രവർത്തിച്ചു. 

നങ്ങ്യാർകുളങ്ങര കോളജിൽ യൂണിയൻ ചെയർമാനായി. ഇൗ സമയത്ത് അമ്പലപ്പുഴ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിദ്യാർഥികളുടെ സൈക്കിൾ റാലി നങ്ങ്യാർകുളങ്ങരയിൽ സംഘടിപ്പിച്ചതാണു കെ‌എസ്‌യു ജില്ലാ സെക്രട്ടറി പദവിയിലേക്കു വഴിതുറന്നത്. പശു വളർത്തലും പാൽവിൽപനയുമായിരുന്നു അച്ഛൻ ആർ.കൃഷ്ണൻ നായരുടെ പ്രധാന തൊഴിൽ.

പഠനകാലത്ത് രാവിലെ ചായക്കടയിൽ പാൽ കൊടുക്കാൻ പോകുന്നത് പ്രയാറിന്റെ ശീലമായിരുന്നു. വളർന്നപ്പോൾ ക്ഷീരമേഖലയായി കർമമണ്ഡലം. കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ എന്ന സംഘടനയുണ്ടാക്കി. ഈ സംഘടനയുടെ ബാക്കിപത്രമാണു കേരളത്തിലെ മിൽമ.

പ്രയാർ ഗോപാലകൃഷ്ണനെ അനുസ്‌മരിച്ച് രാഷ്ട്രീയകേരളം 

മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും മിൽമയെയും നയിച്ച പ്രയാർ ഗോപാലകൃഷ്‌ണൻ ദീർഘകാലമായി സഹകരണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. അദേഹത്തിന്റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവർക്കും അനുശോചനം അറിയിക്കുന്നു. 

എം.ബി.രാജേഷ് 

എംഎൽഎ എന്ന നിലയിലും മിൽമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് എന്നിവ നയിച്ച വ്യക്തി എന്ന നിലയിലും കഴിവു തെളിയിച്ച ജനകീയനായ നേതാവായിരുന്നു പ്രയാർ ഗോപാലകൃഷ്ണൻ. കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു.

പ്രയാർ ഗോപാലകൃഷ്ണൻ
പ്രയാർ ഗോപാലകൃഷ്ണൻ

വി.ഡി.സതീശൻ

പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. രാഷ്ട്രീയ സംശുദ്ധതയിലും സത്യസന്ധതയിലും കണിശത പുലർത്തിയ നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും വലിയ സഹകരണ സംഘങ്ങളിൽ ഒന്നായ മിൽമയെ സംസ്ഥാനത്തിന്റെ അഭിമാന സ്ഥാപനമായി വളർത്തിയെടുത്തത് പ്രയാറായിരുന്നു. 

പ്രയാർ ഗോപാലകൃഷ്ണൻ
പ്രയാർ ഗോപാലകൃഷ്ണൻ

മിൽമ എന്ന പേരും മുന്നോക്ക വികസന കോർപറേഷന് സമുന്നതി എന്ന പേരും പ്രയാറിന്റെ സംഭാവനയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ എന്ന നിലയിലും അദ്ദേഹത്തിന്റെ നിലപാടുകൾ ശ്രദ്ധേയമായിരുന്നു. ചടയമംഗലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ അദ്ദേഹം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിൽ അതീവ ശ്രദ്ധ പുലർത്തിയ സാമാജികനായിരുന്നു. 

വി.ശിവൻകുട്ടി 

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും മിൽമയുടെയും നേതൃനിരയിൽ പ്രവർത്തിച്ച പ്രയാർ ഗോപാലകൃഷ്ണൻ മികച്ച സഹകാരിയായിരുന്നു.

കെ.സുധാകരൻ 

വിദ്യാര്‍ത്ഥി സംഘടനയിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന പ്രയാര്‍ ഗോപാലകൃഷ്ണൻ മരണം വരെ ത്രിവര്‍ണ്ണക്കൊടി നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് വികാരം മനസ്സില്‍ സൂക്ഷിച്ച നേതാവായിരുന്നു. ചിരിക്കുന്ന മുഖത്തോടെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തന്‍റേടം കാട്ടിയ നേതാവാണ് പ്രയാര്‍. കേരളത്തില്‍ ചിതറി കിടന്നിരുന്ന ക്ഷീരകര്‍ഷകരെ സംഘടിത ശക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍  പ്രയാര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ക്ഷീരകര്‍ഷക മേഖലയില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹം പ്രയത്നിച്ചു.  

രമേശ് ചെന്നിത്തല 

കെഎസ്‌യുവും യൂത്ത് കോൺഗ്രസ്സും കേരള രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് സൃഷ്ടിച്ച കാലഘട്ടത്തിൽ രണ്ടിന്റെയും മുൻനിരപ്പോരാളികളിലൊരാളായിരുന്നു പ്രയാർ. വിനയവും എളിമയുമായിരുന്നു പ്രയാറിന്റെ മുഖമുദ്ര. പ്രയാറിന്റെ ഭരണകാലം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സുവർണകാലമായിരുന്നു. ദീർഘകാലമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രയാറിന്റെ അകാലത്തിലെ വേർപാട് അത്യന്തം ദുഃഖമുളവാക്കുന്നു.

English Summary: Former MLA Prayar Gopalakrishnan Passes Away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com