ADVERTISEMENT

കൊല്ലം∙ ചടയമംഗലം ജങ്ഷനിലുള്ള ബാങ്കിനു മുന്നിൽ പണമെടുക്കാനായി ക്യൂ നിന്ന തൊഴിലുറപ്പു തൊഴിലാളിക്കു കോവിഡ് മാനദണ്ഡങ്ങളുടെ പേരിൽ 500 രൂപ പെറ്റി ചുമത്തിയതു ചോദ്യം ചെയ്തതിനാണ് 18 വയസ്സുള്ള ഗൗരിനന്ദയ്ക്ക് എതിരെ ചടയമംഗലം പൊലീസ് കേസെടുത്തത്. പൊലീസും ഗൗരിനന്ദയും തമ്മിലുള്ള തർക്കത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരുന്നു. ഇളമ്പഴന്നൂർ ഊന്നൻപാറ പോരൻകോട് മേലതിൽ വീട്ടിൽ എം.ഷിഹാബുദ്ദീനാണ് പൊലീസ് പെറ്റിയടിച്ചത്. പൊലീസുമായി തർക്കിച്ച ഷിഹാബുദ്ദീനോട്, എന്താണ് പ്രശ്നമെന്നു ചോദിച്ചതിനാണു തനിക്കെതിരെയും കേസെടുത്തതെന്ന് ഗൗരിനന്ദ പറയുന്നു.

തൊഴിലുറപ്പു തൊഴിലാളിയായ ഷിഹാബുദ്ദീൻ ബാങ്കിലുണ്ടായിരുന്ന 1500 രൂപ എടുക്കാനാണ് ചടയമംഗലത്തെ ഇന്ത്യൻ ബാങ്കിലേക്കു പോയത്. സാമൂഹിക അകലം പാലിച്ചിട്ടും 500 രൂപ തനിക്കു പെറ്റിയടിച്ചതിനെയാണു ചോദ്യം ചെയ്തതെന്നും തനിക്കു വേണ്ടി വാദിച്ച ഗൗരിനന്ദയ്ക്കു വേണ്ടി എവിടെ വന്നുവേണമെങ്കിലും സത്യംവിളിച്ചു പറയുമെന്നും ഷിഹാബുദ്ദീൻ പറയുന്നു.‘ബാങ്കിന്റെ മുന്നിൽ ക്യൂവിൽ നിൽക്കുകയായിരുന്നു ഞാൻ. അ‍ഞ്ച് അടിയെങ്കിലും അകലം പാലിച്ചിട്ടുണ്ട്. എന്നാൽ അടുത്തുള്ള സ്റ്റാൻഡിനു സമീപമൊക്കെ ഒട്ടേറെ ആളുകൾ കൂട്ടംകൂടി നിൽക്കുന്നുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടുത്തു വന്ന് എന്റെ പേരും അഡ്രസും ചോദിച്ചു. അതെല്ലാം പറഞ്ഞപ്പോൾ ഒരു കടലാസ് എടുത്തു തന്നു. ഇത് എന്താണെന്നു ചോദിച്ചപ്പോൾ ‘നീ വായിച്ചുനോക്കിയാൽ മതി’ എന്നു പറഞ്ഞു. എഴുത്തും വായനയും അറിയാത്ത ആളാണെന്നും കൂലിപ്പണിക്കാരനാണെന്നും പറഞ്ഞിട്ടും അവർ ഗൗനിച്ചില്ല. അടുത്തു നിൽക്കുന്ന ആളുടെ കയ്യിൽ പേപ്പർ കൊടുത്തപ്പോൾ അയാൾ വായിച്ചിട്ട് എനിക്ക് 500 രൂപ പെറ്റിയുണ്ടെന്നു പറഞ്ഞു.

എനിക്കു ശരിക്കും വിഷമം വന്നു. അവിടെ ഒട്ടേറെപ്പേർ സാമൂഹിക അകലം പാലിക്കാതെ നിന്നിട്ടും എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച എനിക്കു പെറ്റി തന്നത് എന്റെ വേഷം കണ്ടപ്പോൾ ഞാനൊരു പാവപ്പെട്ടവനാണെന്നു തോന്നിയതുകൊണ്ടായിരിക്കുമല്ലൊ എന്നു ഞാൻ ഓർത്തു. ഇന്നു വരെ ജീവിതത്തിൽ എനിക്കൊരു പെറ്റി കിട്ടിയിട്ടില്ല. കോവിഡിനെ പേടിക്കേണ്ടത് എന്റെ കൂടി ആവശ്യമാണ്. വീട്ടിൽ 85 വയസ്സുള്ള ഉമ്മയും ഞാനും മാത്രമാണ് ഉള്ളത്. ഉമ്മയ്ക്ക് അസുഖം വരാതിരിക്കാൻ കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ ഞാൻ പാലിക്കാറുണ്ട്. കാലിൽ ആണി രോഗമുള്ളതിനാൽ നന്നായി നടക്കാൻ പോലും കഴിയാത്ത ആളാണു ഞാൻ. തൊഴുത്തു പോലൊരു വീട്ടിലാണു ഞാനും ഉമ്മയും താമസിക്കുന്നത്. എങ്കിലും തൊഴിലുറപ്പിനു പോയി അന്തസ്സോടെയാണു ഞാൻ കഴിയുന്നത്.  500 രൂപ പെറ്റി അടയ്ക്കാൻ അവർ പറയുമ്പോൾ, ഞാൻ ഒരു ദിവസം മുഴുവൻ തൊഴിലുറപ്പ് ജോലി ചെയ്താലും അത്രയും പണം കിട്ടില്ലെന്ന് ഓർക്കണം.

പണമടയ്ക്കില്ലെന്നു പറഞ്ഞു ഞാൻ തർക്കിച്ചു. അപ്പോഴാണ് എടിഎമ്മിൽ കയറിയിട്ട് ആ പെൺകുട്ടിയും അമ്മയും വരുന്നത്. എന്താ മാമാ പ്രശ്നമെന്ന് അവൾ ചോദിച്ചു. ഞാൻ കാര്യം പറഞ്ഞപ്പോൾ, ഇവിടെ നിന്ന് തർക്കിക്കേണ്ടെന്നും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു പരാതി കൊടുക്കാനും അവൾ പറഞ്ഞു. അപ്പോഴാണ് പൊലീസുകാർ അവളോടു തട്ടിക്കയറിയത്. ആ കുട്ടിക്കും പെറ്റി ചുമത്തുമെന്നു പറഞ്ഞു.  തെറി പറഞ്ഞു. അവർ പറഞ്ഞ വാക്കുകൾ പറയാൻ എനിക്കു ബുദ്ധിമുട്ടുണ്ട്.

ഇതിനിടെ എന്നോട് അവിടെനിന്നു പോകാൻ പറഞ്ഞു. ഞാൻ ബാങ്കിൽ പോകാൻ ക്യൂ നിൽക്കുകയാണെന്നും ഇപ്പോൾ പോകാൻ സാധിക്കില്ലെന്നും പറഞ്ഞു. അപ്പോൾ നിന്നെപ്പിടിച്ച് അകത്തിടുമെന്നായി. ഇതിനിടെ ഞാൻ ബാങ്കിൽക്കയറി പണമെടുത്തു. അകത്തു നിൽക്കുമ്പോൾ ആ കൊച്ചിനു നേർക്ക് അവർ തട്ടിക്കയറുന്നത് എനിക്കു കേൾക്കാം. അതുകൊണ്ട് ഞാൻ വേഗം പുറത്തിറങ്ങി. അവൾക്കു വേണ്ടി സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല. എനിക്കു വേണ്ടിയാണ് ആ കുട്ടി ഈ ബുദ്ധിമുട്ടിലൊക്കെ ചെന്നു ചാടിയത്. ന്യായത്തിനു വേണ്ടി ഏതറ്റം വരെ പോകുമെന്ന് അവൾ പൊലീസിനോടു പറയുന്നുണ്ടായിരുന്നു. അവളതു ചെയ്തു. മിടുക്കിയാണ് അവൾ. അവൾക്ക് എതിരെ പൊലീസ് ചുമത്തിയ കേസുമായി ബന്ധപ്പെട്ട് എവിടെ വന്നു വേണമെങ്കിലും ഞാൻ സത്യം പറയാം. ഒരു പെൺകുട്ടിയുടെ ഭാവിയുടെ പ്രശ്നമാണത്– ഷിഹാബുദ്ദീന്‍ പറഞ്ഞു.

English Summary: Shihabudheen's revelation about hard behaviour from police officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com