ദൃശ്യം 3ൽ ഉണ്ടാകില്ലേ? അന്ന് ചിരിപ്പിച്ച ചോദ്യം: മേള രഘുവിന്റെ ഓർമയിൽ 'സുലൈമാനിക്ക'

Mail This Article
സിനിമയിൽ ഇടയ്ക്കു ചിരിപ്പിച്ചും അപ്രതീക്ഷിതമായി കരയിപ്പിച്ചും പ്രേക്ഷകഹൃദയം കീഴടക്കിയ മേള രഘു അരങ്ങൊഴിഞ്ഞെന്ന വാർത്ത നടുക്കത്തോടെയാണ് ദൃശ്യത്തിലെ സഹതാരമായ കോഴിക്കോട് നാരായണൻ നായർ കേട്ടത്. വാർത്ത വിശ്വസിക്കാനാവാതെ അദ്ദേഹം ആവർത്തിച്ചു ചോദിച്ചു, ആര്? നമ്മുടെ രഘുവോ? അൽപസമയത്തെ നിശബ്ദതയ്ക്കു ശേഷം നാരായണൻ നായർ പറഞ്ഞു, "കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല! വല്ലാത്തൊരു നഷ്ടമായിപ്പോയി!"
ദൃശ്യത്തിൽ നാരായണൻ നായർ അവതരിപ്പിക്കുന്ന സുലൈമാനിക്കയുടെ ചായക്കടയിലെ ഓൾ റൗണ്ടർ ആയിരുന്നു രഘു. സിനിമയിലും പേര് അതു തന്നെ. ആദ്യഭാഗത്തേക്കാൾ ഇരുവരുടെയും കോംബോ ഏറെ ശ്രദ്ധിക്കപ്പെട്ടത് രണ്ടാം ഭാഗത്തിലായിരുന്നു. ദൃശ്യം ഹിറ്റായപ്പോൾ ട്രോളുകളിലും മീമുകളിലും സുലൈമാനിക്കയും രഘുവും നിറഞ്ഞു. ദൃശ്യത്തിന് മുൻപും പല സിനിമകളിലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട് നാരായണൻ നായരും രഘുവും. "വെറും അഭിനേതാക്കൾ തമ്മിലുള്ള ബന്ധമായിരുന്നില്ല ഞങ്ങൾ തമ്മിൽ. സ്വന്തക്കാർ എന്നൊക്കെ പറയില്ലേ... അതുപോലൊരു ബന്ധം. ദൃശ്യത്തിൽ മാത്രമല്ല, പല പടങ്ങളിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചെറിയ വേഷങ്ങൾ ആയിരുന്നു അതെല്ലാം. സെറ്റിൽ എല്ലാവരോടും സൗമനസ്യത്തോടെയാണ് പെരുമാറുക. ദൃശ്യം 2ന്റെ സെറ്റിൽ വച്ചു കണ്ടപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി തോന്നിയിരുന്നില്ല. പുറത്തേക്ക് അങ്ങനെയൊന്നും കാണിച്ചിരുന്നില്ല. വീട്ടിലെ വിശേഷങ്ങളൊക്കെ പറയും."
"ദൃശ്യത്തിന് മൂന്നാം ഭാഗം വരുമോ എന്നൊരു ചർച്ച സജീവമായിരുന്നല്ലോ. അങ്ങനെ മൂന്നാം ഭാഗം വന്നാൽ അതിൽ ഞങ്ങളും ഉണ്ടാകുമെന്ന് തമാശയായി ഞാൻ പറഞ്ഞിരുന്നു. കാരണം, ചായക്കട അതിൽ ഒഴിവാകില്ലല്ലോ! വിളിച്ചാൽ വരണമെന്നു പറഞ്ഞാണ് അന്നു ഞങ്ങളെ യാത്രയാക്കിയത്! സമയം ആകുമ്പോൾ ഓരോരുത്തർക്കും പോകേണ്ടി വരും. എന്താ പറയുക?! രഘുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു," നാരായണൻ നായർ പറഞ്ഞു.