ADVERTISEMENT

തിരുവനന്തപുരം∙പൗരത്വ ഭേദഗതി നിയമം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സർക്കാർ ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. 

കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള ഒരു വേർതിരിവും അനുവദിക്കില്ല. എല്ലാ മതത്തിൽപ്പെട്ടവർക്കും ഒരു മതത്തിലും പെടാത്തവർക്കും ഇന്ത്യൻ പൗരനെന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ട്. അതു ഭരണഘടനാ തത്വമാണ്. ആ അവകാശങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് രാജ്യത്തിൻറെ നയം. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയവും ഇതാണ്.

മതാടിസ്ഥാനത്തിലുള്ള രാജ്യമായി വിഭജിക്കുക എന്ന ആർഎസ്എസ് നേതാക്കളുടെ മോഹമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നത്. ഈ നിയമം ഭരണഘടനാ വിരുദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിൻറെ ഭാഗമാണിത്.  ഭരണഘടനയുടെ അടിത്തറതന്നെ മതേതരത്വമാണെന്നു സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയതാണ്. നിയമത്തിലൂടെ കേന്ദ്രം സൃഷ്ടിക്കുന്നത് മതത്തിൻറെ പേരിലുള്ള വേർതിരിവാണ്. ഇന്ത്യാവിഭജനം നടന്നപ്പോൾ ഞങ്ങൾക്ക് പാകിസ്ഥാനല്ല വേണ്ടത്, മതേതര രാഷ്ട്രമായ ഇന്ത്യയിലാണ് താമസിക്കാൻ താൽപര്യമെന്നു പറഞ്ഞുവന്ന മുസ്ലീംകളുള്ള നാടാണിത്. മതനിരപേക്ഷതയാണ് രാജ്യത്തിൻറെ ഔന്നത്യം. അതു വിട്ട് മതരാഷ്ട്രമായ പാകിസ്ഥാനോട് നമ്മളെ ഉപമിക്കുകയാണ്. അവിടെ നടക്കുന്നതുപോലെ ഇവിടെയും നടക്കണം എന്നു ശഠിക്കുന്ന പ്രാകൃത രാഷ്ട്രീയമാണ് ആർഎസ്എസിന്റേത്. വ്യത്യസ്ത ജാതി മതത്തിൽപ്പെട്ടവർ ഐക്യത്തോടെയാണ് ഇന്ത്യയിൽ കഴിയുന്നത്. അതാണ് നമുക്കുള്ള സാര്‍വദേശീയ ഖ്യാതി. അതു തകർക്കാനും കലാപകലുഷിതമായ രാജ്യങ്ങളുടെ ദുർഗതിയിലേക്ക് ഇന്ത്യയെ നയിക്കാനുമാണ് ഈ നിയമം കൊണ്ടുവരുന്നത്. ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ  രാജ്യത്തെ നാണം കെടുത്തുന്ന നിയമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary: Kerala CM Pinarayi Vijayan's Reaction On Citizenship Amendment Bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT