Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമ്പി കണ്ണന്താനത്തിന് ജന്മനാട് ഇന്നു വിട നൽകും; സംസ്കാരം രണ്ടിന്

thampi-kannanthanam-family സംവിധായകൻ തമ്പി കണ്ണന്താനത്തിന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ പെ‌ാതുദർശനത്തിനു വച്ചപ്പോൾ വിതുമ്പുന്ന ഭാര്യ കുഞ്ഞുമോൾ. മക്കൾ ഐശ്വര്യയും ഏയ്ഞ്ചലും സമീപം. ചിത്രം: ഇ.വി. ശ്രീകുമാർ ∙ മനോരമ

കാഞ്ഞിരപ്പള്ളി ∙ ചലചിത്ര സംവിധായകൻ തമ്പി കണ്ണന്താനത്തിന്  ജന്മനാട്  ഇന്നു യാത്രാ മൊഴി നൽകും. കഴിഞ്ഞ ദിവസം കൊച്ചിയിൽ അന്തരിച്ച തമ്പി കണ്ണന്താനത്തിന്റെ  മൃതദേഹം ഇന്നു 10ന് പാറത്തോട് ജംക്‌ഷനു സമീപമുള്ള തറവാട്ടുവീട്ടിൽ (പാറത്തോട് കണ്ണന്താനം റെജി .കെ. മാത്യുവിന്റെ വസതിയിൽ) കൊണ്ടു വരും. ഉച്ചയ്ക്ക് രണ്ടു വരെ പൊതുദർശനം.

സംസ്കാര ശുശ്രൂഷകൾ രണ്ടിന് വസതിയിൽ ആരംഭിക്കും. കോട്ടയം ഭദ്രാസന സഹായമെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് സംസ്കാരം സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്ററിലെ ശുശ്രൂഷകൾക്കു  ശേഷം പാറത്തോട് സെന്റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളിയിൽ.

സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുളളവർ തമ്പി കണ്ണന്താനത്തിനു അന്തിമോപചാരം അർപ്പിക്കാൻ എറണാകുളം ടൗൺ ഹാളിലേക്ക് ഒഴുകിയെത്തി. നിർമാതാക്കളായ ജി.സുരേഷ് കുമാർ, ആന്റോ ജോസഫ്, സാബു ചെറിയാൻ, സംവിധായകരായ ജോഷി, ഫാസിൽ, സിദ്ദീഖ്, സിബി മലയിൽ, രഞ്ജിത്ത്, ബ്ലെസി, ജോഷി മാത്യു, ജോസ് തോമസ്, പി.ടി.കുഞ്ഞുമുഹമ്മദ്, മധുപാൽ, ഛായാഗ്രാഹകരായ അജയൻ വിൻസന്റ്, പി.സുകുമാർ, നടൻമാരായ ജനാർദ്ദനൻ, കുഞ്ചൻ, സുരേഷ് കൃഷ്ണ, രമേഷ് പിഷാരടി, കാലാഭവൻ ഷാജോൺ, മനോജ് കെ.ജയൻ, നിഷാന്ത് സാഗർ, എംപിമാരായ കെ.വി.തോമസ്, റിച്ചാർഡ് ഹേ, എംഎൽഎമാരായ പി.ടി.തോമസ്, റോജി എം.ജോൺ, ഹൈബി ഈഡൻ, മേയർ സൗമിനി ജെയിൻ, നേതാക്കളായ എം.എം.ലോറൻസ്, ലതിക സുഭാഷ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. മോഹൻലാലിനു വേണ്ടി നിർമാതാവ് ആന്റണി പെരുമ്പാവൂർ റീത്ത് സമർപ്പിച്ചു.

ഭാര്യ മരിയ ജോസഫ്, മക്കളായ ഐശ്വര്യ, ഏയ്ഞ്ചൽ എന്നിവരും അടുത്ത ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. പൊതുദർശനത്തിനു ശേഷം വൈകിട്ട് ആറോടെ കൊച്ചി ഫൈൻ ആർട്‌സ് ഹാളിനു സമീപമുള്ള വസതിയിലേക്കു മൃതദേഹം കൊണ്ടുപോയി.