Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനെ സൂപ്പർതാര പദവിയിലേക്ക് ഉയർത്തിയ സംവിധായകൻ

thampi-kannanthanam-mohanlal

കൊച്ചി ∙‘രാജാവിന്റെ മകൻ’; ഒരൊറ്റ ചിത്രം കൊണ്ടു സൂപ്പർ സംവിധായക പദവിയിലേക്കുയർന്ന തമ്പി കണ്ണന്താനം അതേ ചിത്രം കൊണ്ടു മോഹൻലാലെന്ന സൂപ്പർതാരത്തെയും സൃഷ്ടിച്ചു. 1986ൽ പുറത്തിറങ്ങിയ രാജാവിന്റെ മകനു ശേഷം തമ്പിയുടെ നാളുകളായിരുന്നു മലയാള സിനിമയിൽ; മോഹൻലാലിന്റെയും. 

16 ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം അഞ്ചു സിനിമകൾ നിർമിച്ചു. ഏതാനും ചിത്രങ്ങളിൽ വേഷമിടുകയും ചെയ്തു. ശശികുമാറിനും ജോഷിക്കും ഐ.വി.ശശിക്കും പിന്നാലെ വലിയ ക്യാൻവാസിൽ സൂപ്പർ ത്രില്ലറുകൾ ഒരുക്കിയ സംവിധായകനായിരുന്നു അദ്ദേഹം. ശശികുമാറിന്റെയും മറ്റും സഹായിയായി പ്രവർത്തിച്ചിട്ടുള്ള തമ്പി 1983ൽ ‘താവളം’ എന്ന ചിത്രത്തിലൂടെയാണു സ്വതന്ത്ര സംവിധായകനായത്. സർവഗുണങ്ങളും തികഞ്ഞ പതിവു നായക സങ്കൽപങ്ങളിൽ നിന്നു വ്യത്യസ്തമായി അൽപം വില്ലത്തരം കൂടി കലർന്നവരായിരുന്നു തമ്പിയുടെ നായകൻമാർ. വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, മാന്ത്രികം തുടങ്ങി മിക്ക ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ.

2001ൽ മോഹൻലാൽ നായകനായെത്തിയ ‘ഒന്നാമൻ’ എന്ന ചിത്രത്തിലൂടെ ലാലിന്റെ മകൻ പ്രണവിനെയും തമ്പി ആദ്യമായി സിനിമയിൽ അവതരിപ്പിച്ചു. മോഹൻലാലായിരുന്നു തമ്പിയുടെ മിക്ക ചിത്രങ്ങളിലെയും നായകനെങ്കിലും പ്രേംനസീർ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയും അദ്ദേഹം ചിത്രങ്ങൾ ഒരുക്കി.  2001ൽ ‘ഹദ്: ലൈഫ് ഓൺ ദി എഡ്ജ് ഓഫ് ഡെത്ത്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറി. ഒടുവിൽ ഒരുക്കിയത് 2004ൽ പുറത്തിറങ്ങിയ ‘ഫ്രീഡം.’  

ചലച്ചിത്ര ലോകം ആദരവോടെ ‘സാർ’ എന്നു വിളിച്ചിരുന്ന തമ്പിയുടെ ആരോഗ്യനില വഷളായെന്ന് അറിഞ്ഞതോടെ ഇന്നലെ രാവിലെ മുതൽ ആശുപത്രിയിലേക്കു പ്രമുഖരുടെ ഒഴുക്കായിരുന്നു. 

സംവിധായകരായ സിബി മലയിൽ, കമൽ, രഞ്ജിത്, നിർമാതാക്കളായ ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂർ, നടൻ സിദ്ദീഖ് തുടങ്ങിയവരെല്ലാം ആശുപത്രിയിൽ എത്തി.