കാഞ്ഞങ്ങാട്: ഉപ്പുസത്യാഗ്രഹസമരത്തിലും ഗുരുവായൂര്‍ സത്യാഗ്രഹസമരത്തിലും പങ്കെടുത്ത സമര വോളന്റിയര്‍മാരില്‍ അവസാനകണ്ണിയും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയുമായ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ കെ. മാധവന്‍ (102) അന്തരിച്ചു. ഞായറാഴ്ച രാത്രി 10.20-ഓടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
കാഞ്ഞങ്ങാട്ടെ പ്രമുഖ ജന്മികുടുംബമായ ഏച്ചിക്കാനം തറവാട്ടില്‍ എ.സി.രാമന്‍ നായരുടെയും കൊഴുമ്മല്‍ ഉണ്ണാങ്ങ അമ്മയുടെയും മകനായി 1915 ആഗസ്ത് 26-നാണ് കെ.മാധവന്‍ ജനിച്ചത്. തളിപ്പറമ്പ് മുത്തേടത്ത് ഹൈസ്‌കൂള്‍, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍, വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയ വിദ്യാലയം എന്നിവിടങ്ങളില്‍ പഠനം. എറണാകുളം കോളേജില്‍നിന്ന് ഹിന്ദി വിശാരദ് പാസായി.
ദേശീയപ്രസ്ഥാന സമരപോരാളികളായ എ.സി.കണ്ണന്‍ നായരുടെയും വിദ്വാന്‍ പി.കേളുനായരുടെയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി 12-ാം വയസ്സില്‍ത്തന്നെ സമരരംഗത്തെത്തി. സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണം, മദ്യവര്‍ജനം തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു. പയ്യന്നൂരില്‍ 1928-ല്‍ നെഹ്രുവിന്റെ അധ്യക്ഷതയില്‍ നടന്ന നാലാം കോണ്‍ഗ്രസ് സമ്മേളനത്തില്‍ വോളന്റിയറായി പ്രവര്‍ത്തിച്ചു. 1930-ല്‍ കെ.കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് പുറപ്പെട്ട ഉപ്പുസത്യാഗ്രഹജാഥയില്‍ അംഗമായി. 1931-ല്‍ ഗുരുവായൂര്‍ സത്യാഗ്രഹസമരത്തിലും വോളന്റിയറായി.
കോണ്‍ഗ്രസിന്റെ കാസര്‍കോട് താലൂക്ക് സെക്രട്ടറി, കെ.പി.സി.സി. അംഗം, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കര്‍ഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ആദ്യത്തെ കാസര്‍കോട് താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കയ്യൂര്‍ സമരം നടക്കുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കാസര്‍കോട് താലൂക്ക് സെക്രട്ടറിയായിരുന്നു. അന്ന് കാസര്‍കോട് താലൂക്ക് എന്നാല്‍ ഇന്നത്തെ കാസര്‍കോട് ജില്ലയാണ്. കാസര്‍കോട്-മലബാര്‍ സംയോജനം, കാസര്‍കോട്-മലബാര്‍ സമ്മേളനം, ഐക്യകേരള പ്രക്ഷോഭം എന്നീ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ കര്‍ഷകസംഘം രൂപവത്കരിക്കുന്നതിനും കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തുന്നതിനും നേതൃപരമായ പങ്ക് വഹിച്ചു,
ജന്മിത്വ-നാടുവാഴിത്വത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി. മടിക്കൈ വിളകൊയ്ത്ത് സമരം, രാവണേശ്വരം നെല്ലെടുപ്പ് സമരം എന്നിവയ്ക്കും നേതൃത്വം കൊടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും വെല്ലൂര്‍, കടല്ലൂര്‍ ജയിലിലും വിവിധ ഘട്ടങ്ങളിലായി ശിക്ഷയനുഭവിച്ചു. ആദ്യം ഗാന്ധിയനും പിന്നീട് കമ്യൂണിസ്റ്റുകാരനുമായിരുന്നു കെ.മാധവന്‍.
1957-ലും 65-ലും ഹൊസ്ദുര്‍ഗില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 64-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.യില്‍ നിലയുറപ്പിച്ചു. 16 വര്‍ഷം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി. 87-ല്‍ സി.പി.ഐ. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു. 96-ല്‍ സി.പി.എമ്മും വിട്ടു.
ഭാര്യ: കോടോത്ത് മീനാക്ഷിയമ്മ. മക്കള്‍: ഇന്ദിര (ബെംഗളൂരു), അഡ്വ. സേതുമാധവന്‍, ആശാലത, ഡോ. അജയകുമാര്‍ (പി.എസ്.സി. മുന്‍ അംഗം). മരുമക്കള്‍: ഗോപിനാഥന്‍ നായര്‍ (വിജയ ബാങ്ക് മുന്‍ ഡയറക്ടര്‍, ബെംഗളുരു), ലേഖ (അധ്യാപിക, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,കാഞ്ഞങ്ങാട്), പ്രൊഫ. തമ്പാന്‍ നമ്പ്യാര്‍, കെ.പ്രേമജ (മാനേജര്‍, ഗ്രാമീണ്‍ബാങ്ക്, കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: പരേതരായ ബാരിസ്റ്റര്‍ എം.കെ.നമ്പ്യാര്‍, കുഞ്ഞിക്കേളു നമ്പ്യാര്‍.
തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ഒരുമണിവരെ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഗാന്ധിയന്‍; കമ്യൂണിസ്റ്റ്
ഇ.വി.ജയകൃഷ്ണന്‍
ആദ്യപാതിയില്‍ സഹനവും ക്ഷമയും ഉള്‍ക്കരുത്താക്കി ഗാന്ധിയന്‍ പാതയിലൂന്നിയുള്ള പ്രവര്‍ത്തനം.. രണ്ടാം പാതിയില്‍ തീവ്ര വിപ്ലവത്തിന്റെ തീച്ചുളയില്‍ നിലയുറപ്പിച്ചുള്ള പോരാട്ടം...
സ്വാതന്ത്ര്യ സമര സേനാനി കെ.മാധവന്റെ ജീവിതവഴികളെ രണ്ട് ഏടുകളായി വേര്‍തിരിക്കാം. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് എന്ന വിളിപ്പേരുമുണ്ടായി. കെ മാധവന്റെ ആത്മകഥയുടെ ആദ്യപതിപ്പിന്റെ പേരും ഒരു ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പ് എന്നാണ്. ആനയും അമ്പാരിയുമുള്ള ഏച്ചിക്കാനം തറവാട്ടിലാണ് ജന്മം കൊണ്ടതെങ്കിലും കെ.മാധവന് സാധാരണക്കാരന്റെ മനസ്സിനൊപ്പം നിലക്കൊള്ളാനായിരുന്നു നിയോഗം. അതുകൊണ്ടുതന്നെ അദ്ദേഹം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയും പില്‍ക്കാലത്ത് കര്‍ഷകര്‍ക്ക് വേണ്ടിയും പോരാടി.
സ്വാതന്ത്ര്യസമര സേനാനികളായ എ.സി.കണ്ണന്‍നായര്‍, വിദ്വാന്‍ പി.കേളുനായര്‍, പില്‍ക്കാലത്ത് കെപി.സി. സി.പ്രസിഡന്റുകൂടിയായ കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നിവരാണ് കെ.മാധവനെ ദേശിയപ്രസ്ഥാന ത്തിലെത്തിച്ചത്. 1928 ല്‍ പയ്യന്നുരില്‍ നടന്ന നാലാം കോണ്‍ഗ്രസ് സമ്മേളനത്തിലാണ് കെ.മാധവന്‍ രാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ചത്.
അന്ന് വയസ്സ് 13. ജവാഹര്‍ലാല്‍ നെഹ്രു പങ്കെടുത്ത സമ്മേളനമായിരുന്നു അത്. സമ്മേളന വളണ്ടിയര്‍മാരില്‍ ഒരാളായി മാധവന്‍ മാറി. സമ്മേളനപ്പന്തലില്‍ കുടിവെള്ളമെത്തിച്ചും പ്രവര്‍ത്തകരുടെ എച്ചിലില എടുത്തും ഓടിനടന്ന കുട്ടിയെ കെ.കേളപ്പന്‍ വിളിച്ച് അഭിനന്ദിച്ചു. പിന്നിടങ്ങോട്ട് മാധവന്റെ ജീവിതം അക്ഷരാര്‍ഥത്തില്‍ രാജ്യസ്നേഹപ്രവര്‍ത്തനങ്ങളിലേക്ക് വഴിമാറുകയാണുണ്ടായത്.
പയ്യന്നൂര്‍ സമ്മേളനത്തില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ നിന്നുണ്ടായത് ശകാരവര്‍ഷം . അപ്പോള്‍ത്തന്നെ എ.സി. കണ്ണന്‍ നായരുടെ വീട്ടിലേക്ക് താമസംമാറി. കണ്ണന്‍ നായരുടെ അമ്മാവന്റെ മകനാണ് മാധവന്‍ എന്ന ബന്ധം കൂടിയുണ്ട്. മല്ല്മുണ്ട് കീറിയെറിഞ്ഞ് ഖദറിനെ പ്രണയിച്ച ബാലനാണ് മാധവന്‍. 1929 ഒക്ടോബര്‍ രണ്ട്.. ഗാന്ധിജിയുടെ ഷഷ്ഠിപൂര്‍ത്തി ദിനം.
ആഘോഷങ്ങളുടെഭാഗമായിനടന്ന ഘോഷയാത്രയില്‍ ആനപ്പുറത്തിരുന്ന് ഗാന്ധിജിയുടെ ഛായച്ചിത്രം പിടിക്കാന്‍ ഒരാളെ തേടുകയായിരുന്നു സംഘാടകര്‍. എ. സി.കണ്ണന്‍ നായരും കെ.ടി.കുഞ്ഞിരാമന്‍ നമ്പ്യാരും ദാമോദര ഭക്തയുമാക്കെ നേതൃത്വം കൊടുക്കുന്ന ആഘോഷമാണ്. ആനപ്പുറത്തിരുത്താന്‍ എല്ലാവരും കണ്ടെത്തിയത് ഖദര്‍ ധരിച്ചെത്തിയ പതനാലുകാരന്‍ മാധവനെയാണ്.
1930 മാര്‍ച്ച് 21 ന് ഗാന്ധിജി നടത്തിയ ഉപ്പ് സത്യാഗ്രഹത്തിന് പിന്തുണയര്‍പ്പിച്ച് കേരളത്തില്‍ നടന്ന സമരത്തില്‍ കെ.മാധവന്‍ പങ്കാളിയായി. സമരത്തില്‍ പങ്കെടുക്കാന്‍ മാധവന്‍ കോഴിക്കോട്ടെത്തി. എന്നാല്‍ 15 വയസ്സുകാരനായ മാധവനെ സമരലീഡര്‍ കെ. കേളപ്പന്‍ നിരുത്സാഹപ്പെടുത്തി. പോലീസിന്റെ മര്‍ദനമുണ്ടാകും, ഭീകരാന്തരീക്ഷമുണ്ടാകും. കേളപ്പന്റെ വാക്കുകള്‍ക്ക് മുന്‍പില്‍ പതറിയില്ലെന്ന് മാത്രമല്ല കൈവിരലിലെ സ്വര്‍ണമോതിരമൂരി മാധവന്‍ എന്ന പയ്യന്‍ സമരഫണ്ടിലേക്ക് സംഭാവനയായി നല്‍കുകയും ചെയ്തു. 200ലധികം പേര്‍ സംഗമിച്ച സത്യാഗ്രഹ കേന്ദ്രത്തില്‍നിന്ന് പയ്യന്നൂരിലേക്കുളള ജാഥാസംഘത്തിലേക്ക് തിരഞ്ഞെടുത്ത 32 പേരില്‍ കെ.മാധവനെ ഉള്‍പ്പെടുത്താന്‍ കെ.കേളപ്പന് മറിച്ചൊന്ന് ആലോചിക്കേണ്ടി വന്നില്ല. കേളപ്പനടക്കം 33 പേര്‍ പയ്യന്നുരിലേക്ക് കാല്‍നടയായി പുറപ്പെട്ടു. മൂന്ന് ഗ്രൂപ്പുകളായി ജാഥയിലെ അംഗങ്ങളെ തിരിച്ചിരുന്നു. ഇതില്‍ കേശവന്‍ നായര്‍ ക്യാപ്റ്റനായ സംഘത്തിലാണ് കെ.മാധവന്‍ ഉണ്ടായിരുന്നത്. കേളപ്പന്‍ ഒഴികെ അഞ്ച് കാഞ്ഞങ്ങാട്ടുകാരും ഇതേ ഗ്രൂപ്പിലുണ്ടായിരുന്നു. ഏപ്രില്‍ 14 നാണ് ജാഥ പുറപ്പെട്ടത്. ഒരു രാത്രി തലശ്ശേരിയിലെ സി.എച്ച്.ഗോവിന്ദന്‍ നായരുടെ വീട്ടില്‍ താമസിച്ചു. 'എല്ലാവരുടെയും വസ്ത്രങ്ങള്‍ മുഷിഞ്ഞിട്ടുണ്ട്. അതെല്ലാം മാറ്റിത്തന്നേക്കു. ഡോബി വന്നിട്ടുണ്ട്'. ജാഥ നയിച്ചവരില്‍ ഒരാളായ മൊയാരത്ത് ശങ്കരനാണ് ഇത് പറഞ്ഞത്. പിറ്റേന്നാണ് അറിഞ്ഞത് വസ്ത്രങ്ങളെല്ലാം കഴുകിയത് മൊയാരത്തും കുടുംബവുമാണെന്ന്. ഈ സംഭവം അവസാനകാലംവരെ കെ. മാധവന്‍ എടുത്തുപറയാറുണ്ട്.
ഏപ്രില്‍ 21 ന് പയ്യന്നുരിലെ ഉളിയത്ത് കടവില്‍ എത്തി ബ്രിട്ടീഷ് പോലീസിന്റെ തടയല്‍ ശ്രമത്തെ വകവയ്ക്കാതെ സംഘം ഉപ്പ് കുറുക്കി. പിന്നീട് കെ.കേളപ്പന്റെ നേതൃത്വത്തില്‍ത്തന്നെ കോഴിക്കോട്ടേക്ക് തിരിച്ചു. സംഘത്തില്‍ കെ.മാധവനും ഉണ്ടായിരുന്നു. കോഴിക്കോട് കടപ്പുറത്തെ ഉപ്പ് കുറുക്കല്‍സമരം സംഘര്‍ഷഭരിതമായി. ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമര്‍ദനം. കുഞ്ഞുപ്രായമാണെങ്കിലും പരിക്കേറ്റ് ചോരയൊഴുകിയപ്പോള്‍ കരഞ്ഞില്ലെന്ന് കെ. മാധവന്റെ അനുഭവക്കുറിപ്പില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
ഉപ്പുകുറുക്കല്‍ സമരത്തില്‍ പങ്കെടുത്ത നേതാക്കള്‍ ജയിലിലായി. അറസ്റ്റിലാകാത്ത വടക്കന്‍ ദേശങ്ങളിലുള്ളവര്‍ പയ്യന്നൂരിലെത്തി. ആ സംഘത്തില്‍ മാധവനുമുണ്ടായിരുന്നു.
നാട്ടിലെത്തിയശേഷം മദ്യഷാപ്പ് പിക്കറ്റിങ്ങിലും മറ്റും പങ്കെടുത്തു. ഈ കേസില്‍ പോലീസ് പിടിച്ചുകൊണ്ടുപ്പോയി ക്രൂരമായി മര്‍ദിച്ചശേഷം വിട്ടയച്ചു. പിന്നീട് വിദേശവസ്ത്രഷോപ്പ് പിക്കറ്റ്ചെയ്യുന്ന സമരത്തില്‍ ഏര്‍പ്പെട്ടു. ഈ കേസിലും പോലീസിന്റെ ക്രൂരമര്‍ദനം ഏറ്റുവാങ്ങി. കോഴിക്കോട് മദ്യഷാപ്പ് പിക്കറ്റിങ് ആയിരുന്നു തുടര്‍ന്നുള്ള സമരം. ആ കാലത്ത് മാതൃഭൂമി പ്രസ്സിലാണ് അന്തിയുറങ്ങിയതെന്ന് മാതൃഭുമിപ്രവര്‍ത്തകര്‍ വിട്ടിലെത്തുമ്പോള്‍ മാധവേട്ടന്‍ പറയാറുണ്ട്. 1930 ആഗസ്ത് 20 ന് കല്ലായി മദ്യഷോപ്പ് പിക്കറ്റിങ്ങിനിടെ ആറസ്റ്റുചെയ്യപ്പെട്ടു , മജിസ്ട്രേറ്റ് വയസ്സ് ചോദിച്ചപ്പോള്‍ 15 എന്ന് പറഞ്ഞാല്‍ ബോസ്റ്റല്‍ സ്‌കൂളില്‍ പോകേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്‍കിയത് ഹസന്‍കോയയാണ്. 19 വയസ്സെന്ന് മാധവന്‍ പറഞ്ഞു. 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചു. 15ാം വയസ്സില്‍ ജയില്‍വാസം അനുഷ്ഠിച്ച കേരളത്തിലെ ഏക സ്വതന്ത്ര്യസമരസേനാനിയായി കെ.മാധവന്‍ അറിയപ്പെടുകയും ചെയ്തു.
1931 ജനവരി 31ന് ജയില്‍മോചിതനായ മാധവന് വലിയ സ്വീകരണം ലഭിച്ചു. അതേവര്‍ഷം നവംബര്‍ ഒന്ന് മുതല്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തിലും പങ്കാളിയായി. അവിടെ സമരക്യാമ്പിലെ ശുചീകരണ ചുമതല കൂടി മാധവനായിരുന്നു.
ഗുരുവായൂര്‍ സത്യാഗ്രഹത്തിന് ശേഷം ഹിന്ദി വിദ്യാഭ്യാസം നേടി. നാട്ടിലും ഹിന്ദി ക്ലാസുകള്‍ നടത്തി. കോണ്‍ഗ്രസിന്റെ കാസര്‍കോട് താലൂക്ക് കമ്മിറ്റി രൂപവത്കരണത്തില്‍ മുന്‍നിരയില്‍നിന്നു.
അതിനിടെ കോണ്‍ഗ്രസ്സില്‍ രൂപപ്പെട്ട സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ വക്താവായി, 1935 ല്‍ കണ്ണൂരില്‍ നടന്ന കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം സംസ്ഥാനസമ്മേളന പ്രതിനിധിയുമായി.
കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ്റാവുകയും അതുവഴി കമ്മ്യൂണിസ്റ്റ് കനല്‍പ്പാതയിലേക്ക് ചുവടുവെയ്ക്കുകയും ചെയ്ത് കെ.മാധവന്‍ തീവ്രവിപ്ലവത്തിലേക്ക് വഴിമാറി. 1937ല്‍ കാസര്‍കോട് താലൂക്ക് കര്‍ഷകസംഘത്തിന്റെ സെക്രട്ടറിയായി.
ജന്മികുടുംബത്തില്‍ ജനിച്ച മാധവന്‍ തുടര്‍ന്നങ്ങോട്ട് ജന്മിത്വനാടുവാഴിത്വത്തിനെതിരെയുള്ള പോരാട്ടവും തുടങ്ങി. 1939ല്‍ തൃക്കരിപ്പൂരില്‍നിന്ന് മംഗലാപുരത്തേക്ക് കര്‍ഷകജാഥ സംഘടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ പാര്‍ട്ടിയുടെ ആദ്യ കാസര്‍കോട് താലൂക്ക് സെക്രട്ടറിയാവുകയും ചെയ്തു. 42ല്‍ കയ്യൂര്‍ സമരം നടന്നപ്പോഴും പാര്‍ട്ടിയുടെ കാസര്‍കോട് താലൂക്ക് സെക്രട്ടറി കെ.മാധവന്‍ തന്നെയായിരുന്നു.
ഇതിനിടെ മടിക്കൈ വിളവെടുപ്പുസമരത്തിന് നേതൃത്വംകൊടുത്തു. പോലിസ്മര്‍ദനം ഏറ്റുവാങ്ങി. കേസിലെ പ്രതിയുമായി. പിന്നീട് കാസര്‍കോടന്‍ ഗ്രാമങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ മുന്‍നിരയില്‍നിന്നു. തുടര്‍ന്ന് ഒളിവില്‍പോയി.
47 ആഗസ്റ്റ് 15-ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ദിവസം ഒളിവുജീവിതത്തില്‍ നിന്ന് പുറത്തുവന്നു. എന്നാല്‍ അന്നുതന്നെ കെ. മാധവനെ പോലീസ് അറസ്റ്റുചെയ്തു. അങ്ങനെ സ്വാതന്ത്ര്യദിനത്തില്‍ അറസ്റ്റുചെയ്യപ്പെട്ട സ്വാതന്ത്ര്യസമരസേനാനി എന്ന വിശേഷണവും കെ.മാധവന്റെ ജീവിതരേഖയിലുണ്ടായി.
48-ല്‍ കൊല്‍ക്കത്ത സമ്മേളനത്തിലേക്ക് പുറപ്പെട്ടെങ്കിലും അറസ്റ്റുചെയ്യപ്പെടാന്‍ ഇടയുണ്ടെന്ന വിവരം ലഭിച്ചതിനെ ത്തുടര്‍ന്ന് യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ചു. വീണ്ടും ഒളിവുജീവിതം. പിന്നീട് രാവണേശ്വരം നെല്ലടുപ്പ് സമരത്തിന് നേതൃത്വംകൊടുത്തു. തുടര്‍ന്ന് കര്‍ണാടക പോലീസ് അറസ്റ്റുചെയ്തു. മംഗലാപുരം സബ്ജയിലിലാക്കി. വെല്ലൂര്‍, കടലൂര്‍ ജയിലുകളിലായി ശിക്ഷ അനുഭവിച്ചു.
53 മാര്‍ച്ച് നാലിനാണ് കെ.മാധവന്‍ വിവാഹിതനായത്. 57-ലെ ആദ്യനിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൊസ്ദുര്‍ഗില്‍ മത്സരിച്ചെങ്കിലും പി.എസ്.പി. യോട് തോറ്റു. 64-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.യില്‍ ഉറച്ചുനിന്നു.
65-ല്‍ നടന്ന നിയമസഭാതിരെഞ്ഞെടുപ്പിലും, ഹൊസ്ദുര്‍ഗില്‍ സ്ഥാനാര്‍ഥിയായെങ്കിലും വിജയിച്ചില്ല.
അതിനിടെ കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി. 87-ല്‍ സി.പി.ഐ. വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നു.
എന്നാല്‍ 96-ല്‍ ഇ.എം.എസ്സിന് തുറന്ന കത്തയച്ച് കെ.മാധവന്‍ സി.പി.എമ്മിനെയും വിട്ടു, കോട്ടച്ചേരി സഹകരണ സ്റ്റോര്‍, മഹാകവി പി. സ്മാരകസമിതി, മഹാകവി കുട്ടമത്ത് സ്മാരകട്രസ്റ്റ്, വിദ്വാന്‍ പി. കേളുനായര്‍ സ്മാരക ട്രസ്റ്റ് തുടങ്ങി കാസര്‍കോടന്‍ മേഖലയില്‍ നിറസാന്നിധ്യമായി നിലകൊള്ളുന്ന പല സഹകരണ- സാംസ്‌കാരിക-സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കെല്ലാം കെ.മാധവന്‍ ചുക്കാന്‍പിടിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..